Wednesday, 19 September 2018

പയർ കൃഷി അറിയേണ്ടെതെല്ലാം?

പയർ കൃഷി അറിയേണ്ടെതെല്ലാം
(നടീല്‍ രീതികള്‍, മേല്‍ത്തരം വിത്തിനങ്ങള്‍, പരിപാലനം)


കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്‌ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം.

കൃഷിക്കാലം
ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം.

ഇനങ്ങള്‍
പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍

പകുതി പടരുന്ന സ്വഭാവമുളളവ: കൈരളി, വരൂണ്‍, അനശ്വര, കനകമണി, അര്‍ക്ക് ഗരിമ.
പടര്‍പ്പന്‍ ഇനങ്ങള്‍: ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

വിത്തിന് ഉപയോഗിക്കുന്നവ: സി152, എസ്488, പൂസ ഫല്‍ഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2), വി240, അംബ(വ16), ജി.സി827, സി ഓ3, പൌര്‍ണ്ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).

പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ: കനകമണി, ന്യൂ ഈറ
മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള: വി26
തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള: ഗുജറാത്ത് വി118, കൌ പീ2

വിത്ത് നിരക്ക്
പച്ചക്കറി ഇനങ്ങള്‍ക്ക് കുറ്റിച്ചെടി 2025 കി.ഗ്രാം/ഹെക്ടര്‍
പടരുന്നവ 45 കി.ഗ്രാം/ഹെക്ടര്‍
വിത്തിനും മറ്റും വളര്‍ത്തുന്നവയ്ക്ക്
വിതയ്ക്കല്‍

6065 കി ഗ്രാം/ഹെക്ടര്‍ (കൃഷ്ണമണിക്ക് 45 കി ഗ്രാം)

നരിയിടല്‍ 5060 കി.ഗ്രാം/ഹെക്ടര്‍(കൃഷ്ണമണിക്ക് 40 കി ഗ്രാം).


വിത്ത് പരിചരണം
പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്. കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.
വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.

ചെറിയ വിത്ത് 10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം
ഇടത്തരം വലിപ്പം10 കിലോ വിത്തിന് 0.6 കിലോഗ്രാം കുമ്മായം
വലിയ വിത്ത്10 കിലോ വിത്തിന് 0.5 കി.ഗ്രാം കുമ്മായം
കുമ്മായം പുരട്ടിപ്പിടിച്ച പയര്‍ വിത്ത് വൃത്തിയുളള ഒരു കടലാസ്സില്‍ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകള്‍ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം.

വിത
കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം.

വളപ്രയോഗം
ജൈവവളം20 ടണ്‍/ഹെകടര്‍
കുമ്മായം250 കിലോ ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടര്‍.
നൈട്രജന്‍20 കിലോ/ഹെക്ടര്‍
ഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടര്‍
പൊട്ടാഷ്10 കിലോ ഗ്രാം/ഹെക്ടര്‍.
ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജന്‍ വിത്ത് പാകി 1520 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.

രണ്ടാം തവണ നൈട്രജന്‍ വളം നല്‍ല്‍കുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരുപടലം പടര്‍ന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് പച്ചക്കറിയിനങ്ങള്‍ക്ക് പടര്‍ന്നു വളരാന്‍ പന്തലിട്ടു കൊടുക്കണം.

ജലസേചനം
രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.

സസ്യ സംരക്ഷണം
പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.
കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.

സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.

സങ്കരയിനം പയറുകള്‍
മാലിക
ശാരിക
കെ.എം.വി1
വൈജയന്തി
ലോല
കനകമണി
കൈരളി
വരുണ്‍
അനശ്വര
ജ്യോതിക
ഭാഗ്യലക്ഷ്മി
കുറിപ്പ്.


പുളി രസമുളള മണ്ണില്‍ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടല്‍ ആവശ്യമുളളൂ.
കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തില്‍ പുരട്ടുന്നതിന് നന്നല്ല.


കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാന്‍.
കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലര്‍ത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീര്‍ഘനേരം വച്ചിരിക്കരുത്.

കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈര്‍പ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തിൽ പാകരുത്.

#https://jaiva-krishi.blogspot.com

കടപ്പാട്: സോഷ്യൽ മീഡിയ  
  

എങ്ങനെയാണ് ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യേണ്ടത്?

എങ്ങനെയാണ് ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യേണ്ടത്?

മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടന്‍ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാര്‍ വെണ്ട മുതല്‍ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പന്‍ വെണ്ടയിനങ്ങൾ വരെ കേരളത്തിലുണ്ട്.


സാധാരണയായി സെപ്റ്റംബർ -ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനുവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകള്‍ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങള്‍ വളരെ വേഗം വിളകള്‍ക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡര്‍മയുമായി ചേര്‍ത്ത് കലര്‍ത്തി തണലില്‍ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണില്‍ ചേര്‍ക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.


ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികള്‍ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റില്‍ പരമാവധി 200 ചെടികള്‍ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലര്‍ത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഒരു കിലോ പുതര്‍ത്തി 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയോ ചെടിയ്ക്ക് മേല്‍വളമാക്കി നല്‍കാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിര്‍ത്തണം. പാഴ് ചെടികള്‍ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകള്‍ വരാതിരിക്കാനും മണ്ണില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കില്‍ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്‌ക്കേണ്ടതാണ്.


രോഗങ്ങള്‍
മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യും. കായകള്‍ മഞ്ഞ കലര്‍ന്ന് ചുരുണ്ടുപോവും. ഇലത്തുള്ളന്‍, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകര്‍.
രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം. തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍.


കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.

മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ എന്നിവയാണ് വെണ്ടയുടെ നിലനില്പിനെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. ഇവ ഇലയുടെ അടിവശത്ത് പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവും. വെള്ളീച്ച വൈറസ് രോഗവാഹകരാണ്.


വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്. വെള്ളച്ചിറകിന്റെ മുന്നില്‍ പച്ചപ്പൊട്ടുകളുള്ള ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് ഇല ചുരുട്ടിപ്പുഴുകള്‍ ഉണ്ടാകുന്നത്. ഇത് പച്ചിലകള്‍ തിന്ന് നശിപ്പിക്കുകയും കായ് തുരക്കുകയും ചെയ്യുന്നു. വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന് ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.

ബോറന്‍ പുഴുക്കളും നിമ വിരകളുമാണ് വെണ്ട കൃഷിയുടെ ശത്രുക്കള്‍. വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം. വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം. ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം.

തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. 


നിമവിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത്) നല്‍കിയാല്‍ വെണ്ട കൃഷിയെ ബാധിക്കുന്ന ഒട്ടുമിക്ക കൃമി കീടങ്ങളെയും ഒഴിവാക്കാം.

കടപ്പാട്: സോഷ്യൽ മീഡിയ  
 

കുറഞ്ഞ ചിലവിൽ എങ്ങനെ അടുക്കളത്തോട്ടമൊരുക്കാം?

കുറഞ്ഞ ചിലവിൽ അടുക്കളത്തോട്ടമൊരുക്കാം


അങ്ങനെ മഴക്കാലം പെയ്തൊഴിഞ്ഞു. ഇനി പയ്യെ കാർഷിക വിളകളെ ശ്രദ്ധിച്ച കൃഷിയിലേക്ക് മടങ്ങി വരേണ്ട സമയമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കുകയാണ് എങ്കിൽ കൃഷിയുടെ നല്ലൊരു ഭാഗം വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിൽ പച്ചക്കറിയുടെ വില കുത്തനെ ഉയരും എന്ന് ഉറപ്പ്.

ഈ അവസ്ഥ മറികടക്കുന്നതിന് അടുക്കളത്തോട്ട നിർമാണം ഉപകരിക്കും. മണ്ണില്ല  എന്ന് കരുതി കൃഷി ചെയ്യാതെ ഇരിക്കേണ്ട കാര്യമില്ല. അതിനു ഗ്രോ ബാഗുകൾ ഉപയോഗിക്കാം. മഴയൊന്ന് അടങ്ങിയാല്‍ അടുക്കളത്തോട്ടം വീണ്ടും സജീവമാക്കാം. ചുരിങ്ങിയ ചെലവില്‍ അടുക്കളത്തോട്ടമൊരുക്കാനുള്ള മാര്‍ഗങ്ങളിതാ.കേവലം 1500 രൂപയുടെ നിക്ഷേപത്തിൽ അടുക്കത്തോട്ടം നിർമിക്കാം.

ഗ്രോബാഗ് തയ്യാറാക്കാം 
1) 6 കൊട്ട മേല്‍ മണ്ണ്
2) 1 ചാക്ക് ചകിരി ചോറ്
3) 5 കൊട്ട ചാണക പൊടി
4) 3 കിലോ ജൈവ വളം (എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമടങ്ങിയത് )
5) 500 ഗ്രാം െ്രെടക്കോഢര്‍മ (വേര് ചീയല്‍, ഫങ്കസ് രോഗം തുടങ്ങിയവ ഒഴിവാക്കാന്‍)

 ഈ പറഞ്ഞ വാസ്തുഉകൾ എല്ലാം വാങ്ങുന്നതിനുള്ള ചെലവാണ് 1500 രൂപ.

ഇവയെല്ലാം കൂട്ടി കലര്‍ത്തി ഒരു ദിവസം വെയിൽ ഇല്ലാത്ത സ്ഥലത്ത് വയ്ക്കുക. തുടര്‍ന്ന് ഗ്രോബാഗിന്റെ 75-80 ശതമാനം ഇവ നിറച്ച് തൈകള്‍ നടാം. വിത്താണ് നടുന്നതെങ്കില്‍ വിത്തിന്റെ വലുപ്പത്തിലേ വിത്ത് താഴാന്‍ പാടുള്ളു . തൈയ്യാണെങ്കില്‍ വേരിന്റെ മുകളില്‍ മണ്ണ് വരത്തക്ക വിധത്തില്‍ നടേണ്ടതാണ്.
അഞ്ചു മുതൽ ഏഴു ദിവസം കൊണ്ട് പുതിയ വേരുകള്‍ വന്ന് തുടങ്ങും. 20 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍ ചേര്‍ത്താല്‍ രണ്ടു മാസത്തിനുള്ളില്‍ ഫലം ലഭിക്കും. മേല്‍ പറഞ്ഞ അളവില്‍ 24 ഗ്രോ ബാഗ് തയാറാക്കാന്‍ കഴിയും. വർഷത്തിൽ രണ്ടു ടേമിലായി ഇത്തരത്തില്‍ ഗ്രോ ബാഗ് തയാറാക്കിയാല്‍ ഒരു വര്‍ഷത്തിനു വേണ്ട പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം, ചെലവ് 1500-2000 രൂപ മാത്രം എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. വിഷം പ്രയോഗിക്കാത്ത നല്ല പച്ചക്കറികള്‍ കഴിച്ചു രോഗ്യത്തോടെ ഇരിക്കാം.

കടപ്പാട്: സോഷ്യൽ മീഡിയ  

കൊക്കോ പീറ്റ് (ചകിരി ചോറ്) ഉപയോഗിച്ചുള്ള കൃഷി രീതി

കൊക്കോ പീറ്റ് (ചകിരി ചോറ്) ഉപയോഗിച്ചുള്ള കൃഷി രീതി

ഗ്രോ ബാഗിനെക്കുറിച്ചും അതിലെ നടീല്‍ മിശ്രിതത്തെ ക്കുറിച്ചും പറഞ്ഞപ്പോള്‍ ചകിരി ചോറ് നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തോണ്ടില്‍ നിന്നും നേരിട്ട് എടുക്കുന്ന ചകിരി ചോറിന്റെ കാര്യമല്ല ഇവിടെ പറയുന്നത്. കൃഷി ആവശ്യത്തിനായി പ്രോസെസ്സ് ചെയ്തു വരുന്ന കൊക്കോ പീറ്റ് ന്റെ കാര്യം ആണ്. പ്രകൃതിദത്തമായ മണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈ കൊക്കോപീറ്റ്. വിപണിയില്‍ പല കമ്പനികളുടെ പല പേരിലുള്ള കൊക്കോ പീറ്റ് ലഭ്യമാണ്.കൊക്കോ പീറ്റ് മണ്ണിനു പകരം ആയി അല്ലെങ്കില്‍ മണ്ണും കൂടി ചേര്‍ത്ത് ഇവ കൃഷി ചെയ്യാന്‍ ഗ്രോ ബാഗുകളില്‍ നിറയ്ക്കാം.


കൊക്കോ പീറ്റ്
കംപ്രെസ്സ് ചെയ്താണ് കൊക്കോപീറ്റ് നമ്മുടെ കൈകളില്‍ എത്തുന്നത്‌ , വെള്ളത്തില്‍ ഇട്ടാല്‍ അവ വലുപ്പത്തിന്റെ 5 ഇരട്ടി ആകും . അതായതു 1 കിലോ കൊക്കോ പീറ്റ് ആവശ്യത്തിനു വെള്ളം ചേര്‍ത്താല്‍ 5 കിലോ ആകും. ഇതും മണ്ണും തുല്യ അളവില്‍ ചേര്‍ത്ത് ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ / ചെടിച്ചട്ടിയില്‍ ഒക്കെ നിറയ്ക്കാം. എന്താണ് ഇതിന്റെ മേന്മകള്‍ എന്ന് നോക്കാം. ടെറസ്സ് കൃഷിയില്‍ ഇവയുടെ ഉപയോഗം വളരെ വലുതാണ്. മന്നിനേക്കാള്‍ ഭാരം കുറവാണു കൊക്കോപീറ്റിന്, അത് കൊണ്ട് തന്നെ ടെറസ്സിനുണ്ടാകുന്ന സ്‌ട്രെസ് കുറയുന്നു . വെള്ളം ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് കൂടെക്കൂടെയുള്ള ജലസേചനം ഒഴിവാക്കുന്നു. വെറും 1-2 കപ്പ്‌ വെള്ളം മതിയാകും ഒരു ഗ്രോ ബാഗിന് , അതും രണ്ടു ദിവസത്തേക്ക്. കൂടാതെ ചെടികളുടെ വേരുകള്‍ നന്നായി ഇറങ്ങും. അത് കൊണ്ട് തന്നെ കൊക്കോപീറ്റ് ഉപയോഗിച്ചു കൃഷി ചെയ്യുന്ന ചെടികള്‍ ഈസി ആയി നമുക്ക് പറിച്ചു മാറ്റി നടാം.

കടപ്പാട്: സോഷ്യൽ മീഡിയ 

വിഷാംശമുള്ളതും ഇല്ലാത്തതുമായ പച്ചക്കറികള്‍ ഏതൊക്കെ?

വിഷാംശമുള്ളതും ഇല്ലാത്തതുമായ പച്ചക്കറികള്‍ ഏതൊക്കെ?

മനുഷ്യന് ജീവിക്കണോ എങ്കില്‍ ആഹാരം കൂടിയേ തീരു. പക്ഷേ എന്തു കഴിക്കും? കഴിക്കുന്നതില്‍ എന്തിലെക്കെയോ വിഷാംശമുണ്ട്, എന്തിലൊക്കെയോ ഇല്ല. സാധാരണക്കാരന് അതൊന്നും ഒറ്റനോട്ടത്തില്‍ മനസിലാക്കാനും കഴിയില്ല.
എന്നാല്‍ വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറി നാലു വര്‍ഷം കൊണ്ട് 4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച് അതിന്‍റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നും കൂടുതല്‍ വിഷം പുതിനയിലും പയറിലുമാണെന്നുമാണ് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 % വിഷാംശം കണ്ടെത്തി. പയറാണ് രണ്ടാം സ്ഥാനത്ത്. 45 % ആണ് വിഷത്തിന്റെ അളവ്.

കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. 2013ലാണ്‌ പരിശോധന ആരംഭിച്ചത്.

വിഷാംശം കണ്ടെത്തിയ പച്ചക്കറികള്‍


പുതിന ഇല- വിഷാംശം 62%
പയര്‍- 45 %
കാപ്സിക്കം- 42%
മല്ലിയില- 26%
കാപ്സിക്കം (ചുവപ്പ്)- 25%
ബജിമുളക്- 20%
ബീറ്റ് റൂട്ട്- 18%
കാബേജ്- 18%
കറിവേപ്പില- 17%
പച്ചമുളക്- 16%
കോളിഫ്ളവര്‍- 16%
കാരറ്റ്- 15%
സാമ്പാര്‍ മുളക്- 13%
ചുവപ്പ് ചീര- 12%
അമരയ്ക്ക- 12%


വിഷമില്ലാത്ത പച്ചക്കറികള്‍ 


കുമ്പളങ്ങ
മത്തന്‍
പച്ചമാങ്ങ
പീച്ചിങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്
വാഴക്കൂമ്ബ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളിപ്പൂവ്
ചൈനീസ് കാബേജ്

കടപ്പാട്: സോഷ്യൽ മീഡിയ 

Monday, 17 September 2018

മീൻവളർത്തൽ, മീൻ കൃഷി എങ്ങനെ ചെയ്യാം?

മീൻവളർത്തൽ ചില ചെറിയ അറിവുകൾ...., 

കരിമീന്‍ കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി ചെറു കുളങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്.

വീട്ടാവശ്യത്തിനു വളര്‍ത്താന്‍ കഴിയുന്ന ചില മത്സ്യങ്ങള്‍

കാര്‍പ്പ് മത്സ്യങ്ങള്‍
രോഹു, കട്‌ല, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം.


റെഡ് ബെല്ലീഡ് പാക്കു
റെഡ് ബെല്ലി, പാക്കു, നട്ടര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. പിരാന കുടുംബത്തിലെ അംഗമാണ്. വയറിലെ ചുവപ്പു നിറമാണ് പേരിനാധാരം. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കും. ചെറിയ ചെതുമ്പലുകളുണ്ട്. എങ്കിലും തൊലിയുരിഞ്ഞ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിരാന എന്ന ഭീകര മത്സ്യങ്ങള്‍ പേടിപ്പെടുത്തുന്നവരാണെങ്കിലും ഇവര്‍ അത്രക്കാരല്ല. മിശ്രഭുക്കാണ്. എന്തും കഴിക്കും

ജയന്റ് ഗൗരാമി പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ ബഹുമിടുക്കന്‍. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍ രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. ഉറപ്പുള്ള മാംസമാണ് ഇവരുടെ പ്രത്യേകത. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നല്കാം.

തിലാപ്പിയ കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ കാര്‍ഷികവിളകളിലും മൃഗസംരക്ഷണ മേഖലയിലും ജനിതകപരമായി മികച്ച ഇനങ്ങള്‍ കണ്ടെത്തുന്നതിനായി സെലക്ടീവ് ബ്രീഡിംഗ് നടത്താറുണ്ട്. 1980കളിലാണ് ഫിഷ് ഫാമിംഗ് മേഖലയില്‍ സെലക്ടീവ് ബ്രീഡിംഗ് പരീക്ഷിക്കുന്നത്. ലോകത്താകമാനം വളര്‍ത്തിയിരുന്ന നൈല്‍ തിലാപ്പിയ വര്‍ഗത്തിലെ പുതിയ തലമുറയുടെ വളര്‍ച്ച ക്രമാതീതമായി കുറയുന്നത് വലിയ പ്രശ്‌നമായി മാറിയതോടെയാണ് തിലാപ്പിയ മത്സ്യങ്ങളിലേക്ക് ഗവേഷകര്‍ തിരിഞ്ഞത്. ഇതേത്തുടര്‍ത്ത് ജെനറ്റിക്ക് ഇംപ്രൂവ്‌മെന്റ് ഓഫ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) പ്രോജക്ട് വന്നു. ഇത് നൈല്‍ തിലായപ്പിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉപകരിച്ചുവെന്നു മാത്രമല്ല പ്രതിസന്ധിയിലായ അനേകം ചെറുകിട-വന്‍കിട മത്സ്യകര്‍ഷകരെ സഹായിക്കുകയും ചെയ്തു. 

വികസ്വരരാജ്യങ്ങള്‍ക്ക് വലിയൊരു കുതിച്ചുചാട്ടം നല്കിയ പദ്ധതിയായിരുന്നു ഗിഫ്റ്റ്.
85ലധികം രാജ്യങ്ങളില്‍ വളര്‍ത്തിവരുന്ന മത്സ്യമാണ് തിലാപ്പിയ. രോഗപ്രതിരോധശേഷി, ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, മിശ്രഫുക്ക് തുടങ്ങിയ സ്വഭാവങ്ങളാണ് തിലാപ്പിയയ്ക്കു ലോകശ്രദ്ധനേടിക്കൊടുത്തത്. എന്നാല്‍, ലോകത്തെമ്പാടും വളര്‍ത്തുന്ന തിലാപ്പിയകളില്‍ ഏറിയപങ്കും അവയുടെ തനത് ജനിതകഗുണം ഇല്ലാത്തവയാണ്.
മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍ സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാധി മൂന്നടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ നന്ന്. കുളത്തില്‍ പ്ലവങ്ങള്‍ വളരാന്‍ വെള്ളം നിറച്ചശേഷം അല്പം ചാണകം കുളത്തില്‍ ലയിപ്പിക്കുക. മൂന്നു നാലു ദിവസത്തിനുശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.

വീട്ടാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ മത്സ്യങ്ങളെ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തെരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തെരഞ്ഞെടുക്കാന്‍.
ജലോപരിതലത്തിലും മധ്യഭാഗത്തും അടിത്തട്ടിലും തീറ്റതേടുന്ന മത്സ്യങ്ങളെയാണ് എപ്പോഴും കമ്യൂണിറ്റിയായി വളര്‍ത്താന്‍ കഴിയുക. ഇതുവഴി നല്കുന്ന തീറ്റയും കുളത്തിലെ അവശിഷ്ടങ്ങളും പാഴാകുന്നത് ഒഴിവാക്കാനാകും. 


Courtesy: Roy Cherian

ദന്തപാല (വെട്ടുപാല)



ദന്തപാല (വെട്ടുപാല)
സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.

ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാൽ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. സൂര്യപ്രകാശത്തിൽ “കാച്ചിയ” ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തിൽ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടർച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും. താരൻ മാറാനും ഈ എണ്ണ നല്ലതാണ്.

തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. അഷ്ടാംഗഹൃദയാദികളായ പ്രമാണ ഗ്രന്ഥങ്ങളിലെങ്ങും ദന്തപ്പാലയുടെ ഉപയോഗം ചർച്ച ചെയ്യപ്പെടുന്നില്ല. ദന്തപ്പാല കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യവുമല്ല. സോറിയാസിസിനെ നിഗ്രഹിക്കാനുള്ള ഇതിന്റെ ശേഷി അറിഞ്ഞതിനു ശേഷം കേരളത്തിൽ പല ഭാഗങ്ങളിലും ദന്തപ്പാല വളർത്തുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഔഷധങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക ആയുർവേദ മരുന്നുകമ്പനികളും വിവിധ പേരുകളിൽ മേൽപ്പറത്ത ഔഷധം വിപണിയിലെത്തിക്കുന്നുണ്ട്.

ദന്തപ്പാല പോലെ തന്നെ ഏഴിലംപാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല എന്നിവയും സോറിയാസിസിൽ ഫലപ്രദമാണ്. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസിൽ ഉപയോഗിക്കാം. പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം. ദന്തപ്പാല ഉപയോഗിച്ച് ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.
ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.
വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും.
യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും.
കുടകപ്പാല (കുടജഃ)യുടെ ഇലയോടും കായോടും ദന്തപ്പാലയുടെ ഇലകള്‍ക്കും കായകള്‍ക്കും സാമ്യമുള്ളതു കൊണ്ട് കുടകപ്പാലയയ്ക്കു പകരം ദാന്തപ്പാല ഉപയോഗിക്കാറുണ്ട്.

മുളക്കാത്ത വിത്തുകൾ എങ്ങനെ മുളപ്പിച്ചെടുക്കാം ?

മുളയ്ക്കാത്ത വിത്തുകൾ മുളപ്പിക്കുവാൻ ഒരു മരുന്ന് ഹൈഡ്രജൻ പെറോക്സൈഡ് 


എന്താണ് ഹൈഡ്രജൻ പെറോക്സൈഡ്? ചെടികള്‍ക്ക് ആവിശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ വെള്ളം അതായത് H2O ( രണ്ടു ശതമാനം ഹൈഡ്രജൻ ആറ്റവും ഒരു ശതമാനം ഓക്സിജൻ ആറ്റവും ചേർന്നത്) ഹൈഡ്രജൻ പെറോക്സൈഡ് എന്നുപറയുന്നുത് രണ്ടു ശതമാനം ഹൈഡ്രജൻ ആറ്റവും രണ്ടു ശതമാനം ഓക്സിജൻ ആറ്റവും ചേർന്നതാണ്.അതായത് H2O2. വെള്ളത്തിനുള്ളതിനേക്കാൾ കൂടുതൽ ഓക്സിജൻ തന്മാത്രകൾ അടങ്ങിയത്. ചെടിവളർച്ചയ്ക് ആവിശ്യമായ പ്രധാനപ്പെട്ട മൂലകങ്ങളിൽ ഒന്നാണ് ഓക്സിജൻ. അതുകൊണ്ട് തന്നെ എക്സ്ട്രാ ഓക്സിജൻ തന്മാത്രകൾ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നതുവഴി ചെടിവളർച്ചയ്ക്ക് വേഗം കൂട്ടുകയും ചെയ്യുന്നു.

ശാസ്ത്രലോകം ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ്തന്നെ നമ്മുടെ പൂർവികർ ഹൈഡ്രജൻ പെറോക്സൈഡ് എന്ന എൻസൈം ഔഷധമായും കാർഷികമായും ഉപയോഗിച്ചിരുന്നു.

തേൻ ഉപയോഗിച്ച് ജൈവ ഹോർമോൺ ഉണ്ടാക്കാം എന്ന ഈസി ടിപ്സ് കണ്ടിരിക്കുമല്ലോ. ഈ തേനിൽ ആടങ്ങിയിരിക്കുന്ന ഒരു എന്സൈമാണ് ഹൈഡ്രജൻ പെറോക്സൈഡ്.

ഹൈഡ്രജൻ പെറോക്സൈഡ് ഒരു ആന്റി ബാക്ടീരിയല്‍(സൂക്ഷമാണു നാശിനി) ആണ്.
ഇതൊരു സൂക്ഷമാണു നാശിനി ആയതുകൊണ്ടും വിത്തുകൾ മുളയ്ക്കുന്നതിന് ഓക്സിജൻ തന്മാത്രകൾ കൂടൂതൽ ഉള്ളതുകൊണ്ടും ഈ ഹൈഡ്രജൻ പെറോക്സൈഡിനെ വിത്തുകള്‍ നശിക്കാതെ മുളപ്പിച്ചെടുക്കുന്നതിനും എക്സ്ട്രാ വളർച്ച നൽകുന്നതിനും റൂട്ട് ഹോർമോണായും അണുനാശിനിയായും ഉപയോഗിക്കാം.


(1) 1 മില്ലി ഹൈഡ്രജൻ പെറോക്സൈഡ് 100 മില്ലി വെള്ളത്തില്‍ കലക്കി അതില്‍ വിത്തുകള്‍ ജെസ്റ്റ് ഒന്ന് മുക്കിയെടുത്ത് ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ ശേഷം വിത്തിന്റെ ഭാഗത്ത് ഒന്നോരണ്ടോ തുള്ളി ലായനി കൂടി വീഴ്ത്തി ഒരു പ്ലാസ്റ്റിക് കവറിൽ എയർ ടൈറ്റായി അടച്ചു വയ്ക്കൂക. മൂന്നാം ദിവസം വിത്തുകൾ തടത്തിലോ പ്രോട്രേയിലോ നടാവുന്നതാണ്, നട്ട് രണ്ടുദിവസം കഴിയുംമ്പോഴേക്കും മുളച്ചു വരും.

(2) മറ്റൊരു രീതി:- 1 ടീസ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ് 1 ഗാലൻ വെള്ളത്തില്‍കലക്കി വിത്തുകള്‍ 30 മിനിറ്റ് മുക്കിവെച്ച് എടുത്ത്പാകാം.
രണ്ട് മൂന്ന് മാസം കൂടുമ്പോ ചെടിയുടെ ചുവടിളക്കി ഹൈഡ്രജൻ പെറോക്സൈഡ് 1ലിറ്ററിന് 30 മില്ലി എന്ന കണക്കിന് മിക്സ് ചെയ്ത് ഒഴിച്ച് കൊടുക്കാം.

വിത്തുകൾ മുളപ്പിക്കുവാൻ സൂഡോ മോണോസും ഹൈഡ്രജൻ പെറോക്സൈഡും ഉപയോഗിക്കാം. എന്നാൽ സ്യുഡോമോണസ് ഉപയോഗിക്കുന്നതിനോടൊപ്പം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കരുത്. ഡ്രൈക്കോഡർമ്മയുടെകൂടെ കറുവപട്ട പൊടി ഉപയോഗിക്കുകയുമരുത്. 

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചതിനുശേഷം കുറഞ്ഞത് 10 ദിവസം കഴിഞ്ഞ് സ്യുഡോമോണസ് ഉപയോഗിക്കാം. ഹൈഡ്രജൻ പെറോക്സൈഡ് എല്ലാ മെഡിക്കലൽ സ്റ്റോറിലും ലഭ്യമാണ് ഹൈഡ്രജൻ പെറോക്സൈഡ് 3% എന്ന് നോക്കി വാങ്ങുക.

ഹൈഡ്രജൻ പെറോക്സൈഡ് ഒരു ബാക്ടീരിയ നാശിനിയാണ്. സ്യൂഡോമോണസ് ഒരു മിത്ര ബാക്ടീരിയാണ്. അതുപോലെ കറുവപട്ട പൊടി ഒരു കുമിള്‍ നാശിനിയാണ് എന്നാൽ ട്രൈക്കോഡര്‍മ മിത്രകുമിളാണ്. 

കടപ്പാട് : സോഷ്യൽ  മീഡിയ 

പ്ലാസ്റ്റിക്‌ കവറിൽ ഉള്ളി നടുന്ന രീതി..

പ്ലാസ്റ്റിക്‌ കവറിൽ ഉള്ളി നടുന്ന രീതി..


അതികം വലുപ്പം ഇല്ലാത്ത ഒരു പ്ലാസ്റ്റിക്‌ കവറിൽ പകുതി ഭാഗം ഉണങ്ങിയ കോഴി വളവും ചാണകവും അധികം ഈർപം ഇല്ലാത്ത മണ്ണും കൂട്ടി ഇളക്കി നിറച്ചതിനു മുകളിൽ കുറച്ചു നല്ല മണ്ണ് ഇട്ടു കടയിൽ നിന്ന് വാങ്ങുന്ന ഉള്ളി വച്ച് ഉള്ളി മൂടാൻ പാകത്തിന് മണ്ണ് നിറക്കുക .നല്ലവണം ഉണങ്ങിയ മണ്ണ് ആണെങ്കിൽ ശെരിക്കും വെള്ളം ഒഴിച്ച് തണനിൽ വയ്ക്കുക.ഉള്ളി മുളച്ചു തുടങ്ങിയാൽ ശെരിക്കും വെയിൽ ഉള്ള സ്ഥലത്തു കൂടുകൾ വയ്ക്കണം . മഴകലത്തു തനിയെ മുളച്ച ഉള്ളി ആണ് നടുന്നതെങ്കിൽ കവർ അപ്പൊൾ തന്നെ വേയിലത്തേക്ക് മാറ്റാം.

സാദാ ഉള്ളി വെള്ളത്തിൽ കഴുകി വേരുള്ള ഭാഗം നനവുള്ള പ്രതലത്തിൽ മുട്ടിച്ചു തണലിൽ വച്ചാൽ പെട്ടെന് മുള വരും. അതിനു ശേഷം നടാവുനതാണ് . വേനൽ കാലത്താണെങ്കിൽ കൂട്ടിലെ മണ്ണ് നല്ല വണ്ണം നനച്ചു കൊടുക്കണം . വര്ഷ കാലത്തിൽ നനക്കണ്ട ആവശം ഇല്ല .ഉള്ളി നിൽക്കുന്ന ഭാഗം വളം ഇല്ലാത്ത പുതു മണ്ണ്‍ ആണ് നല്ലത് . ഒരു മാസത്തിനു ശേഷം ചുവട്ടിൽ അല്പം ചാണക നീരു ഒഴിച്ച്ന കൊടുക്കുക .നല്ല വെയിൽ ഉള്ള കാലാവസ്ഥയിൽ 4 മാസത്തിനുള്ളിൽ ഉള്ളി പറിച്ചെടുക്കാം . തണ്ട് നന്നായി ഉണങ്ങിയാൽ മാത്രം ഉള്ളി പറക്കുക. ഒരു വാളം മണ്ണും ഒരു പിടി വളവും ചേർന്നാൽ നമ്മുക്ക് ഒരു ചോട്ടിൽ നിന്ന് 8 -10 ഉള്ളി ലഭിക്കും .

നമ്മുടെ പച്ചക്കറി കൃഷിയിൽ മറ്റു വിളകൾക്ക്‌ ഒപ്പം ഒരു സ്ഥാനം ഉള്ളിക്കും നമ്മുക്ക് നല്കാം .

ചുവന്നുള്ളി എങ്ങനെ ആണ് കൃഷി ചെയ്യുന്നത് ?

ചുവന്നുള്ളി ചെറുത് കൃഷി ചെയ്യുന്ന രീതി

പറമ്പിൽ ചെറിയ ഉള്ളി കൃഷി ചെയ്യാൻ വേനൽ കാലം ആണ് നല്ലത്.

4 ഇഞ്ച്‌ ഉയരവും 6 ഇഞ്ച്‌ വീതിയും ഉള്ള ചെറിയ വാരം ഉണ്ടാക്കി ഉണങ്ങിയ ചാണകവും കോഴി വളവും വാരത്തിന്റെ ഉള്ളിൽ ഇട്ട ശേഷം ഏകദേശം 4 ഇഞ്ച്‌ അകലത്തിൽ വാരത്തിന്റെ രണ്ടു വശത്തുകുടെയും ഉള്ളി നടുകയും ,തോട് വഴി നനക്കണം .ആദ്യത്തെ കുറച്ചു ദിവസം തുടരെ നനക്കുകയും ,ഉള്ളി മുളച്ചു കഴിഞ്ഞാൽ മൂന്നു ദിവസം കൂടുമ്പോൾ തോട് വഴി മാത്രം നനക്കുക .


ഏകദേശം ഒരു മാസമാവുമ്പോൾ അല്പം പുളിപ്പിച്ച വേപ്പിന്‍ പിണ്ണാക്കും ചാണക സ്ലറിയും നല്‍കുക .വീണ്ടും ഒരു മാസം കഴിയുമ്പോൾ 1kg ചാണകത്തിൽ 10 ലിറ്റെർ വെള്ളം ചേർത്ത് ഉള്ളിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക . മൂന്നര മാസം കഴിയുംബോഴേകും ഉള്ളിയുടെ തണ്ട് നിലത്തു വീണു വയ്കോൽ പോലെ ഉണങ്ങും .അപ്പോൾ ഉള്ളി പറിച്ചെടുത്തു ഉപയോഗികാം . തണ്ട് ശേരികും ഉണങ്ങുനതിനു മുമ്പ് പറിച്ചാൽ ഉള്ളി വലുപ്പം വച്ചിടുണ്ടാവില്ല .

കൃഷിയും ബേബി ഡയപ്പറും തമ്മിലെന്ത്?



കൃഷിയും ബേബി ഡയപ്പറും തമ്മിലെന്ത്? കടലും കടലാടിയും പോലെ തോന്നുന്നില്ലേ? എന്നാല്‍ കേട്ടോളു. നിങ്ങളുടെ പച്ചക്കറികളേയും പൂച്ചെടികളേയും ഉണക്കില്‍ നിന്ന് രക്ഷിക്കാനും കുറഞ്ഞ വെള്ളം കൊണ്ട് കൂടുതല്‍ ദിവസം ഈര്‍പ്പം നിലനിര്‍ത്താനും ഈ ഡയപ്പറിന് കഴിയും.

എന്താണിതിന്റെ രഹസ്യം
ബേബി ഡയപ്പറുകള്‍ പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ കാണുന്ന വെളുത്തപൊടി ഒരു പോളിമര്‍ ആണ്. അതിന്റെ ഭാരത്തിന്റെ 800 ഇരട്ടി വരെ വെള്ളം വലിച്ചെടുക്കാന്‍ അതിന് സാധിക്കും. സോഡിയം പോളി അക്രിലേറ്റ് എന്നാണിതിന്റെ രാസനാമം.
ചട്ടികളിലും ചാക്കുകളിലും ഗ്രോബാഗുകളിലും വേനല്‍ക്കാലത്ത് കൃഷി ചെയ്യാനൊരുങ്ങുമ്പോള്‍ മുകള്‍ഭാഗത്ത് 2 ടീസ്പൂണ്‍ പോളിമര്‍ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി വിത്തുകളോ തൈകളോ നടാം. നമ്മള്‍ ഒഴിക്കുന്ന കുറച്ച് വെള്ളം മണ്ണിന്റെ ഉപരിതലത്തില്‍ തന്നെ തങ്ങി നിന്ന് ചെടികള്‍ ഉഷാറായി വളരുന്നത് കാണാം.
മരുഭൂമികളിലും മറ്റും വനവല്‍ക്കരണം നടത്താനായി ആസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങള്‍ ഈ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നു. ഹൈഡ്രോജെല്‍ അഗ്രിക്കള്‍ച്ചര്‍ എന്ന് ഇത് അറിയപ്പെടുന്നു.


ഉപയോഗിച്ച ബേബി ഡയപ്പറുകള്‍ വൃത്തിയാക്കി വേണമെങ്കിലും ഈ പോളിമര്‍ ഉപയോഗിക്കാവുന്നതാണ്.


കടപ്പാട് :പ്രമോദ് മാധവന്‍ /അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (ചാത്തന്നൂര്‍ കൃഷിഭവന്‍)
September 28, 2017, 01:09 PM IST

റമ്പുട്ടാൻ കൃഷി ,റമ്പുട്ടാൻ എങ്ങനെയാണ് പരിപാലിക്കേണ്ടത് ?

റമ്പുട്ടാൻ കൃഷി 
റമ്പുട്ടാൻ വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്പൈറില്ലം അല്ലെങ്കിൽ ബയോ പൊട്ടാഷ് എന്നിവയും വളമായി നൽകാവുന്നതാണ്.

ചെടിയ്ക്ക് ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങൾ 2 തവണയും മറ്റുള്ള വളങ്ങൾ രണ്ട് തവണയും നൽകാവുന്നതാണ്. രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലും ഇതേ രീതിയിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവർഷത്തിൽ കൂടുതൽ പ്രായമായ ചെടികളിൽ ജൈവവളക്കൂട്ടിനും മറ്റു വളങ്ങൾക്കും പുറമേ ചാണകപ്പൊടി കൂടുതലായി നൽകുന്നതും നല്ലതാണ്. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 - 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. 


Courtesy_Wikipedia

ഗ്രോ ബാഗിൽ നടാൻ പച്ചക്കറി വിത്തുകൾ എങ്ങനെ മുളപ്പിക്കാം ?

ഗ്രോ ബാഗിൽ നടാൻ പച്ചക്കറി വിത്തുകൾ  എങ്ങനെ  മുളപ്പിക്കാം ?
ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നതിനാവശ്യമായ വിത്ത് ട്രേകളിൽ പാകി മുളപ്പിച്ച് തൈകളാക്കി നടുന്നതാണ് നല്ലത്.
വിത്ത് പാകുന്നതിന് ചികിരിച്ചോർ കമ്പോസ്റ്റ് (ചകിരിച്ചോർ ബ്രിക്സ് വെളളത്തിൽ കുതിർത്തിയെടുക്കാം ) മണ്ണിര കമ്പോോസ്റ്റ് / ഉണങ്ങിയ ചാണകപ്പെടി എന്നിവ തുല്യ അനുപാതത്തിൽ ചേർക്കുക മണൽ പൂർണ്ണമായും ഒഴിവാക്കുക 
(വെർമിക്കുലേറ്റ് / പെർലൈറ്റ് എന്നിവയും ലഭ്യമെങ്കിൽ ഉപയോഗിക്കാം )

വെള്ളം വാർന്ന ഒഴുകാത്ത രീതിയിൽ (പുട്ടിന്റെ പൊടി നനക്കുന്ന പാകം ) നനവ് നൽകുക കോപ്പർ ഓക്സി ക്ലോറൈഡ് COC 3g/l എന്ന തോതിൽ ഈ മിശ്രിതത്തിൽ ചേർത്ത് 4 ദിവസത്തിന് ശേഷം വിത്ത് പാകുന്നതാണ് നല്ലത്
ഒരു മാസം പ്രായമായ ആരോഗ്യമുള്ള തൈകൾ മാത്രം നടാൻ ഉപയോഗിക്കുക
Related Posts Plugin for WordPress, Blogger...

Followers