Wednesday, 19 September 2018

പയർ കൃഷി അറിയേണ്ടെതെല്ലാം?

പയർ കൃഷി അറിയേണ്ടെതെല്ലാം
(നടീല്‍ രീതികള്‍, മേല്‍ത്തരം വിത്തിനങ്ങള്‍, പരിപാലനം)


കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്‌ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം.

കൃഷിക്കാലം
ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം.

ഇനങ്ങള്‍
പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍

പകുതി പടരുന്ന സ്വഭാവമുളളവ: കൈരളി, വരൂണ്‍, അനശ്വര, കനകമണി, അര്‍ക്ക് ഗരിമ.
പടര്‍പ്പന്‍ ഇനങ്ങള്‍: ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

വിത്തിന് ഉപയോഗിക്കുന്നവ: സി152, എസ്488, പൂസ ഫല്‍ഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2), വി240, അംബ(വ16), ജി.സി827, സി ഓ3, പൌര്‍ണ്ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).

പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ: കനകമണി, ന്യൂ ഈറ
മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള: വി26
തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള: ഗുജറാത്ത് വി118, കൌ പീ2

വിത്ത് നിരക്ക്
പച്ചക്കറി ഇനങ്ങള്‍ക്ക് കുറ്റിച്ചെടി 2025 കി.ഗ്രാം/ഹെക്ടര്‍
പടരുന്നവ 45 കി.ഗ്രാം/ഹെക്ടര്‍
വിത്തിനും മറ്റും വളര്‍ത്തുന്നവയ്ക്ക്
വിതയ്ക്കല്‍

6065 കി ഗ്രാം/ഹെക്ടര്‍ (കൃഷ്ണമണിക്ക് 45 കി ഗ്രാം)

നരിയിടല്‍ 5060 കി.ഗ്രാം/ഹെക്ടര്‍(കൃഷ്ണമണിക്ക് 40 കി ഗ്രാം).


വിത്ത് പരിചരണം
പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്. കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.
വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.

ചെറിയ വിത്ത് 10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം
ഇടത്തരം വലിപ്പം10 കിലോ വിത്തിന് 0.6 കിലോഗ്രാം കുമ്മായം
വലിയ വിത്ത്10 കിലോ വിത്തിന് 0.5 കി.ഗ്രാം കുമ്മായം
കുമ്മായം പുരട്ടിപ്പിടിച്ച പയര്‍ വിത്ത് വൃത്തിയുളള ഒരു കടലാസ്സില്‍ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകള്‍ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം.

വിത
കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം.

വളപ്രയോഗം
ജൈവവളം20 ടണ്‍/ഹെകടര്‍
കുമ്മായം250 കിലോ ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടര്‍.
നൈട്രജന്‍20 കിലോ/ഹെക്ടര്‍
ഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടര്‍
പൊട്ടാഷ്10 കിലോ ഗ്രാം/ഹെക്ടര്‍.
ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജന്‍ വിത്ത് പാകി 1520 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.

രണ്ടാം തവണ നൈട്രജന്‍ വളം നല്‍ല്‍കുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരുപടലം പടര്‍ന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് പച്ചക്കറിയിനങ്ങള്‍ക്ക് പടര്‍ന്നു വളരാന്‍ പന്തലിട്ടു കൊടുക്കണം.

ജലസേചനം
രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.

സസ്യ സംരക്ഷണം
പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.
കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.

സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.

സങ്കരയിനം പയറുകള്‍
മാലിക
ശാരിക
കെ.എം.വി1
വൈജയന്തി
ലോല
കനകമണി
കൈരളി
വരുണ്‍
അനശ്വര
ജ്യോതിക
ഭാഗ്യലക്ഷ്മി
കുറിപ്പ്.


പുളി രസമുളള മണ്ണില്‍ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടല്‍ ആവശ്യമുളളൂ.
കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തില്‍ പുരട്ടുന്നതിന് നന്നല്ല.


കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാന്‍.
കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലര്‍ത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീര്‍ഘനേരം വച്ചിരിക്കരുത്.

കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈര്‍പ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തിൽ പാകരുത്.

#https://jaiva-krishi.blogspot.com

കടപ്പാട്: സോഷ്യൽ മീഡിയ  
  

1 comment:

Related Posts Plugin for WordPress, Blogger...

Followers