Monday, 17 September 2018

മീൻവളർത്തൽ, മീൻ കൃഷി എങ്ങനെ ചെയ്യാം?

മീൻവളർത്തൽ ചില ചെറിയ അറിവുകൾ...., 

കരിമീന്‍ കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി ചെറു കുളങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്.

വീട്ടാവശ്യത്തിനു വളര്‍ത്താന്‍ കഴിയുന്ന ചില മത്സ്യങ്ങള്‍

കാര്‍പ്പ് മത്സ്യങ്ങള്‍
രോഹു, കട്‌ല, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം.


റെഡ് ബെല്ലീഡ് പാക്കു
റെഡ് ബെല്ലി, പാക്കു, നട്ടര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. പിരാന കുടുംബത്തിലെ അംഗമാണ്. വയറിലെ ചുവപ്പു നിറമാണ് പേരിനാധാരം. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കും. ചെറിയ ചെതുമ്പലുകളുണ്ട്. എങ്കിലും തൊലിയുരിഞ്ഞ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിരാന എന്ന ഭീകര മത്സ്യങ്ങള്‍ പേടിപ്പെടുത്തുന്നവരാണെങ്കിലും ഇവര്‍ അത്രക്കാരല്ല. മിശ്രഭുക്കാണ്. എന്തും കഴിക്കും

ജയന്റ് ഗൗരാമി പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ ബഹുമിടുക്കന്‍. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍ രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. ഉറപ്പുള്ള മാംസമാണ് ഇവരുടെ പ്രത്യേകത. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നല്കാം.

തിലാപ്പിയ കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ കാര്‍ഷികവിളകളിലും മൃഗസംരക്ഷണ മേഖലയിലും ജനിതകപരമായി മികച്ച ഇനങ്ങള്‍ കണ്ടെത്തുന്നതിനായി സെലക്ടീവ് ബ്രീഡിംഗ് നടത്താറുണ്ട്. 1980കളിലാണ് ഫിഷ് ഫാമിംഗ് മേഖലയില്‍ സെലക്ടീവ് ബ്രീഡിംഗ് പരീക്ഷിക്കുന്നത്. ലോകത്താകമാനം വളര്‍ത്തിയിരുന്ന നൈല്‍ തിലാപ്പിയ വര്‍ഗത്തിലെ പുതിയ തലമുറയുടെ വളര്‍ച്ച ക്രമാതീതമായി കുറയുന്നത് വലിയ പ്രശ്‌നമായി മാറിയതോടെയാണ് തിലാപ്പിയ മത്സ്യങ്ങളിലേക്ക് ഗവേഷകര്‍ തിരിഞ്ഞത്. ഇതേത്തുടര്‍ത്ത് ജെനറ്റിക്ക് ഇംപ്രൂവ്‌മെന്റ് ഓഫ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) പ്രോജക്ട് വന്നു. ഇത് നൈല്‍ തിലായപ്പിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉപകരിച്ചുവെന്നു മാത്രമല്ല പ്രതിസന്ധിയിലായ അനേകം ചെറുകിട-വന്‍കിട മത്സ്യകര്‍ഷകരെ സഹായിക്കുകയും ചെയ്തു. 

വികസ്വരരാജ്യങ്ങള്‍ക്ക് വലിയൊരു കുതിച്ചുചാട്ടം നല്കിയ പദ്ധതിയായിരുന്നു ഗിഫ്റ്റ്.
85ലധികം രാജ്യങ്ങളില്‍ വളര്‍ത്തിവരുന്ന മത്സ്യമാണ് തിലാപ്പിയ. രോഗപ്രതിരോധശേഷി, ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, മിശ്രഫുക്ക് തുടങ്ങിയ സ്വഭാവങ്ങളാണ് തിലാപ്പിയയ്ക്കു ലോകശ്രദ്ധനേടിക്കൊടുത്തത്. എന്നാല്‍, ലോകത്തെമ്പാടും വളര്‍ത്തുന്ന തിലാപ്പിയകളില്‍ ഏറിയപങ്കും അവയുടെ തനത് ജനിതകഗുണം ഇല്ലാത്തവയാണ്.
മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍ സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാധി മൂന്നടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ നന്ന്. കുളത്തില്‍ പ്ലവങ്ങള്‍ വളരാന്‍ വെള്ളം നിറച്ചശേഷം അല്പം ചാണകം കുളത്തില്‍ ലയിപ്പിക്കുക. മൂന്നു നാലു ദിവസത്തിനുശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.

വീട്ടാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ മത്സ്യങ്ങളെ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തെരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തെരഞ്ഞെടുക്കാന്‍.
ജലോപരിതലത്തിലും മധ്യഭാഗത്തും അടിത്തട്ടിലും തീറ്റതേടുന്ന മത്സ്യങ്ങളെയാണ് എപ്പോഴും കമ്യൂണിറ്റിയായി വളര്‍ത്താന്‍ കഴിയുക. ഇതുവഴി നല്കുന്ന തീറ്റയും കുളത്തിലെ അവശിഷ്ടങ്ങളും പാഴാകുന്നത് ഒഴിവാക്കാനാകും. 


Courtesy: Roy Cherian

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers