Showing posts with label കീടങ്ങള്‍. Show all posts
Showing posts with label കീടങ്ങള്‍. Show all posts

Wednesday, 19 September 2018

എങ്ങനെയാണ് ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യേണ്ടത്?

എങ്ങനെയാണ് ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യേണ്ടത്?

മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടന്‍ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാര്‍ വെണ്ട മുതല്‍ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പന്‍ വെണ്ടയിനങ്ങൾ വരെ കേരളത്തിലുണ്ട്.


സാധാരണയായി സെപ്റ്റംബർ -ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനുവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകള്‍ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങള്‍ വളരെ വേഗം വിളകള്‍ക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡര്‍മയുമായി ചേര്‍ത്ത് കലര്‍ത്തി തണലില്‍ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണില്‍ ചേര്‍ക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.


ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികള്‍ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റില്‍ പരമാവധി 200 ചെടികള്‍ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലര്‍ത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഒരു കിലോ പുതര്‍ത്തി 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയോ ചെടിയ്ക്ക് മേല്‍വളമാക്കി നല്‍കാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിര്‍ത്തണം. പാഴ് ചെടികള്‍ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകള്‍ വരാതിരിക്കാനും മണ്ണില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കില്‍ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്‌ക്കേണ്ടതാണ്.


രോഗങ്ങള്‍
മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യും. കായകള്‍ മഞ്ഞ കലര്‍ന്ന് ചുരുണ്ടുപോവും. ഇലത്തുള്ളന്‍, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകര്‍.
രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം. തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍.


കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.

മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ എന്നിവയാണ് വെണ്ടയുടെ നിലനില്പിനെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. ഇവ ഇലയുടെ അടിവശത്ത് പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവും. വെള്ളീച്ച വൈറസ് രോഗവാഹകരാണ്.


വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്. വെള്ളച്ചിറകിന്റെ മുന്നില്‍ പച്ചപ്പൊട്ടുകളുള്ള ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് ഇല ചുരുട്ടിപ്പുഴുകള്‍ ഉണ്ടാകുന്നത്. ഇത് പച്ചിലകള്‍ തിന്ന് നശിപ്പിക്കുകയും കായ് തുരക്കുകയും ചെയ്യുന്നു. വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന് ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.

ബോറന്‍ പുഴുക്കളും നിമ വിരകളുമാണ് വെണ്ട കൃഷിയുടെ ശത്രുക്കള്‍. വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം. വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം. ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം.

തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. 


നിമവിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത്) നല്‍കിയാല്‍ വെണ്ട കൃഷിയെ ബാധിക്കുന്ന ഒട്ടുമിക്ക കൃമി കീടങ്ങളെയും ഒഴിവാക്കാം.

കടപ്പാട്: സോഷ്യൽ മീഡിയ  
 

Sunday, 13 November 2016

കൃഷി - പ്രശ്നങ്ങളും പ്രതിവിധിയും

 കീടങ്ങള്‍
നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍
വണ്ടുകള്‍ , വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , ഇലപ്പേന്‍
-------------------------------------------------------------------------
ലക്ഷണം
ഇലകള്‍ വാടുന്നു , ഈ കീടങ്ങള്‍ ചെടിയുടെ ഇല, തണ്ട് , പൂവ് , കായ്‌ തുടങ്ങിയവയില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞു വളര്‍ച്ച മുരടിക്കുന്നു
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

മണ്ടരി
-----------
ലക്ഷണം
ഇളം ഇലകളുടെ ഉപരിതലത്തില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ വിളറി നില്‍ക്കും
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക
കീടങ്ങള്‍

ഇലചുരുട്ടി പുഴുക്കള്‍ , കായ് /തണ്ടു തുരപ്പന്‍ പുഴുക്കള്‍
------------------------------------
ലക്ഷണം
പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ് , തണ്ട് ഇവ തുരക്കുന്നതായും കാണുന്നു
പ്രതിവിധി
പുഴുക്കളെയും ലാര്‍വകളെയും എടുത്തു നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , ഗോമൂത്രം കാന്താരി മുളക് ലായനി , 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
കീടങ്ങള്‍

കായീച്ച
---------------------
ലക്ഷണം
കയീച്ചകള്‍ കായ്ക്കുള്ളില്‍ മുട്ടയിടുന്നു. പുഴുക്കള്‍ കായ്കള്‍ തിന്നു നശിപ്പിക്കുന്നു.
പ്രതിവിധി
കേടു വന്ന കായ്കള്‍ പറിച്ചെടുത്തു നശിപ്പിക്കുക. ആണീച്ചകളെ നശിപ്പിക്കാനായി ഫിറമോണ്‍ കെണിയും പെണ്ണീച്ചകളെ നശിപ്പിക്കാന്‍ പഴ/കഞ്ഞിവെള്ള/മീന്‍ / തുളസി/ശര്‍ക്കര കെണി , ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.

ചീയല്‍ രോഗം
-------------------
ലക്ഷണം
ചെടികളില്‍ വേരില്‍ നിന്നും തൊട്ടു മുകളിലായി കാണുന്ന ഭാഗം ചീഞ്ഞു മറിഞ്ഞു വീഴുന്നു.
പ്രതിവിധി
വിത്തിടുന്നതിനു മുന്‍പ് ട്രൈക്കൊര്‍ഡമ ജൈവ വള മിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക

ചീരയിലെ ഇലപ്പുള്ളി രോഗം
----------------------------------------
ലക്ഷണം
ഇലകളില്‍ വെളുത്ത നിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു
പ്രതിവിധി
മഞ്ഞള്‍പൊടി മിശ്രിതം തളിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

ഇലപ്പുള്ളി രോഗം , മൃദു രോമ പൂപ്പല്‍ രോഗം
-----------------------------------------------------------------
ലക്ഷണം
ബ്രൌണ്‍ നിറത്തിലോ , മഞ്ഞ നിറത്തിലോ പാടുകള്‍ ഇലകളുടെയും കായുകളുടെയും പുറത്ത് കാണുന്നു
പ്രതിവിധി
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക

ചൂര്‍ണ്ണ പൂപ്പല്‍ രോഗം
---------------------------
ലക്ഷണം
വെള്ള നിറത്തിലുള്ള പൂപ്പല്‍ ഇലകളുടെ പ്രതലത്തില്‍ കാണുന്നു.
പ്രതിവിധി
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

വാട്ടം 
----------
ലക്ഷണം
ചെടികള്‍ മൊത്തമായും മഞ്ഞ നിറം ബാധിച്ചു ഉണങ്ങി നശിക്കുന്നു
പ്രതിവിധി
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ചാണകപ്പാല്‍ ലായനി തളിച്ച് കൊടുക്കുക.

മൊസൈക് രോഗം
---------------
ലക്ഷണം
മഞ്ഞ നിറത്തിലുള്ള പാടുകള്‍ ചെടികളില്‍ കാണുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു
പ്രതിവിധി
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.മുരടിച്ചചെടികള്‍തീര്‍ത്തുംനശിപ്പിക്കുക. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ 1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ളവേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

കടപ്പാട്  - സതി നായർ 
Related Posts Plugin for WordPress, Blogger...

Followers