നോനിപ്പഴം ഈയിടെയായി പ്രസിദ്ധിയാര്‍ജ്ജിച്ചുവരികയാണല്ലോ. അന്നജം, മാസ്യം, വിവിധ ജീവകങ്ങള്‍, ഇരുമ്പ്, നിയാസിന്‍ എന്നിവയുടെ സമൃദ്ധശേഖരം, രോഗപ്രതിരോധശേഷി നല്‍കുന്നു, സന്ധിവേദന, കാന്‍സര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവ അകറ്റിനിര്‍ത്തുന്നു, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു, എന്നിങ്ങനെ വിവിധ ഗുണങ്ങള്‍ ഈ പഴത്തെക്കുറിച്ച് പ്രചരിച്ചുവരുന്നുണ്ട്. നോനിപ്പഴം വീട്ടിലില്ലാത്തവര്‍ക്ക് മാര്‍ക്കറ്റില്‍ നോനിസത്ത് ലഭ്യമാണ്. പഴം വീട്ടില്‍ ഇഷ്ടംപോലെ ഉള്ളവര്‍ക്ക് ഇതെങ്ങനെ സംസ്കരിച്ച് സത്ത് തയ്യാറാക്കി സൂക്ഷിക്കാമെന്നത് ഈയിടെ ഒരറിവ് കിട്ടി. അതിവിടെ പങ്കുവെക്കുന്നു.
പഴുത്ത നോനിപ്പഴങ്ങള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകി വൃത്തിയുള്ള പ്രതലത്തില്‍ രണ്ടോ മൂന്നോ ദിവസം സൂര്യപ്രകാശത്തില്‍ നന്നായി വാടുന്നതുവരെ പരത്തിയിടുക. ശേഷം അണുനശീകരണം നടത്തിയ (ചൂടുവെള്ളത്തില്‍ കഴുകാം) ചില്ലുഭരണിയിലോ, ഭക്ഷണശ്രേണിയില്‍പെടുന്ന പ്ലാസ്റ്റിക് ഭരണിയിലോ പഴങ്ങള്‍ ഇട്ടശേഷം വായുനിബദ്ധമായി അടക്കണം. ഇതേപടി വീണ്ടും വെയിലില്‍ വെക്കുക. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ പഴങ്ങള്‍ പുളിച്ച് അതിനകത്തെ സത്ത് ബഹിര്‍ഗ്ഗമിക്കും. ആദ്യം ഈ സത്തിന് ഇളം മഞ്ഞനിറവും പിന്നീടത് കറുത്ത നിറവുമാകും. രണ്ടുമാസങ്ങള്‍ കഴിഞ്ഞ് അരിപ്പയുപയോഗിച്ച് പഴച്ചാര്‍ വേര്‍തിരിച്ചെടുത്ത് ഒരു ചില്ലുകുപ്പിയിലേക്ക് മാറ്റുക. ഇതിലേക്ക് വേറൊന്നും ചേര്‍ക്കരുത്. ഈ കുപ്പി 85 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തിലേക്ക് 30 മിനിട്ട് നേരം ഇറക്കിവെച്ച് വീണ്ടുംപഴച്ചാറിനെ അണുവിമുക്തമാക്കുക. കുപ്പി ചൂടാറിയശേഷം ശീതീകരിണിയില്‍ സൂക്ഷിച്ചുവെച്ച് നോനിപ്പഴസത്ത് ആവശ്യംപോലെ ഉപയോഗിക്കാം.
കടപ്പാട് : വിദേശ ജേര്‍ണല്‍
No comments:
Post a Comment