Sunday, 13 November 2016

വെര്‍മി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം

വെര്‍മി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം

മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ മണ്ണിരയാണ് സാദാരണയായി ഇതിനു ഉപയോഗിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും മറ്റും ലഭിക്കും. ഏതാണ്ട് അമ്പതു പൈസയാണ് ഒരു മണ്ണിരയുടെ വില. മറ്റു കമ്പോസ്റ്റിംഗ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്ടിനുള്ള മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നതാണ്.

ഏകദേശം 45 സെ.മി നീളം, 30 സെ.മി വീതി, 45 സെ.മി പൊക്കമുള്ള വീഞ്ഞപെട്ടിയോ, പ്ലാസ്റ്റിക്‌ പാത്രമോ, അടിവിസ്താരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകാനായി രണ്ടു ദ്വാരങ്ങള്‍ ഇടണം. വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാന്‍ അടിയില്‍ 5 സെ. മി കനത്തില്‍ പല്സ്റിക് ഷീറ്റ് വിരിക്കാവുന്നതാണ്. 5 സെ. മി കനത്തില്‍ മണല്‍ നിരത്തി ശേഷം 3 സെ. മി കനത്തില്‍ ചകിരി ഇടുക. തുടര്‍ന്ന് മൂന്നിഞ്ച് കനത്തില്‍ 200 ഗ്രാം/500 എണ്ണം മണ്ണിരയോടു കൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും അടുക്കള മാലിന്യം നിക്ഷേപിക്കുക, എല്ലായിടത്തും നിരത്തി 8 ഇഞ്ച് കാണാം ആക്കുക. (പ്ലാസ്റ്റിക്‌ , നാരങ്ങ , പുളി , എരിവുള്ളവ , എണ്ണ തുടങ്ങിയ ഒഴിവാക്കണം). മണ്ണിരയെ നിക്ഷേപിച്ചു ഏതാണ്ട് 20-25 ദിവസം കഴിഞ്ഞു മാത്രം അവശിഷ്ട്ടങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുക. അത് കഴിഞ്ഞാല്‍ പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ചു അനക്കാതെ മാറ്റി വെച്ച ശേഷം ദിവസവും വെള്ളം തളിച്ച് കൊടുക്കുക.

അടുക്കള അവശിഷ്ട്ടങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങള്‍ , പാതി അഴുകിയ ഇലകള്‍ ഇവ ഇടുന്നത് വിരകള്‍ക്കാവശ്യമായ വായു സഞ്ചാരം കൂട്ടാന്‍ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണങ്ങളില്‍ നിന്നും മണ്ണിരയെ രെക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കില്‍ പെട്ടി കല്ലുകള്‍ക്ക് മുകളില്‍ വെച്ചു കല്ലുകള്‍ക്ക് ചുറ്റും ഉപ്പു/മഞ്ഞള്‍ പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ആണിത്.

പെട്ടി വെയിലത്ത്‌ വെച്ചാല്‍ മണ്ണിരകള്‍ താനെ അടിയിലേക്ക് പോകും, അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് നീക്കി പെട്ടി വീണ്ടും കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. രണ്ടു യുണിട്ടുകള്‍ ഉണ്ടെങ്കില്‍ കമ്പോസ്റ്റ് നിര്‍മാണം കൂടുതല്‍ എളുപ്പമാകും. ഒന്ന് നിറയുമ്പോള്‍ അടുത്തതില്‍ അവശിഷ്ട്ടങ്ങള്‍ ഇട്ടു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ജൈവ അവശിഷ്ട്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നത് നല്ലതാണ്. മണ്ണിര കമ്പോസ്റ്റില്‍ കൂടി വെള്ളം സാവദാനത്തില്‍ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം ആണ് വെര്‍മി വാഷ്. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വെര്‍മി വാഷ്‌ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

കടപ്പാട് – ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ പുറത്തിറക്കിയ സുരക്ഷിത പച്ചക്കറിക്ക് ഒരു മാര്‍ഗ രേഖ എന്ന ലഖു ലേഖ.

കൃഷി - പ്രശ്നങ്ങളും പ്രതിവിധിയും

 കീടങ്ങള്‍
നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍
വണ്ടുകള്‍ , വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , ഇലപ്പേന്‍
-------------------------------------------------------------------------
ലക്ഷണം
ഇലകള്‍ വാടുന്നു , ഈ കീടങ്ങള്‍ ചെടിയുടെ ഇല, തണ്ട് , പൂവ് , കായ്‌ തുടങ്ങിയവയില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞു വളര്‍ച്ച മുരടിക്കുന്നു
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

മണ്ടരി
-----------
ലക്ഷണം
ഇളം ഇലകളുടെ ഉപരിതലത്തില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ വിളറി നില്‍ക്കും
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക
കീടങ്ങള്‍

ഇലചുരുട്ടി പുഴുക്കള്‍ , കായ് /തണ്ടു തുരപ്പന്‍ പുഴുക്കള്‍
------------------------------------
ലക്ഷണം
പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ് , തണ്ട് ഇവ തുരക്കുന്നതായും കാണുന്നു
പ്രതിവിധി
പുഴുക്കളെയും ലാര്‍വകളെയും എടുത്തു നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , ഗോമൂത്രം കാന്താരി മുളക് ലായനി , 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
കീടങ്ങള്‍

കായീച്ച
---------------------
ലക്ഷണം
കയീച്ചകള്‍ കായ്ക്കുള്ളില്‍ മുട്ടയിടുന്നു. പുഴുക്കള്‍ കായ്കള്‍ തിന്നു നശിപ്പിക്കുന്നു.
പ്രതിവിധി
കേടു വന്ന കായ്കള്‍ പറിച്ചെടുത്തു നശിപ്പിക്കുക. ആണീച്ചകളെ നശിപ്പിക്കാനായി ഫിറമോണ്‍ കെണിയും പെണ്ണീച്ചകളെ നശിപ്പിക്കാന്‍ പഴ/കഞ്ഞിവെള്ള/മീന്‍ / തുളസി/ശര്‍ക്കര കെണി , ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.

ചീയല്‍ രോഗം
-------------------
ലക്ഷണം
ചെടികളില്‍ വേരില്‍ നിന്നും തൊട്ടു മുകളിലായി കാണുന്ന ഭാഗം ചീഞ്ഞു മറിഞ്ഞു വീഴുന്നു.
പ്രതിവിധി
വിത്തിടുന്നതിനു മുന്‍പ് ട്രൈക്കൊര്‍ഡമ ജൈവ വള മിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക

ചീരയിലെ ഇലപ്പുള്ളി രോഗം
----------------------------------------
ലക്ഷണം
ഇലകളില്‍ വെളുത്ത നിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു
പ്രതിവിധി
മഞ്ഞള്‍പൊടി മിശ്രിതം തളിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

ഇലപ്പുള്ളി രോഗം , മൃദു രോമ പൂപ്പല്‍ രോഗം
-----------------------------------------------------------------
ലക്ഷണം
ബ്രൌണ്‍ നിറത്തിലോ , മഞ്ഞ നിറത്തിലോ പാടുകള്‍ ഇലകളുടെയും കായുകളുടെയും പുറത്ത് കാണുന്നു
പ്രതിവിധി
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക

ചൂര്‍ണ്ണ പൂപ്പല്‍ രോഗം
---------------------------
ലക്ഷണം
വെള്ള നിറത്തിലുള്ള പൂപ്പല്‍ ഇലകളുടെ പ്രതലത്തില്‍ കാണുന്നു.
പ്രതിവിധി
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

വാട്ടം 
----------
ലക്ഷണം
ചെടികള്‍ മൊത്തമായും മഞ്ഞ നിറം ബാധിച്ചു ഉണങ്ങി നശിക്കുന്നു
പ്രതിവിധി
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ചാണകപ്പാല്‍ ലായനി തളിച്ച് കൊടുക്കുക.

മൊസൈക് രോഗം
---------------
ലക്ഷണം
മഞ്ഞ നിറത്തിലുള്ള പാടുകള്‍ ചെടികളില്‍ കാണുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു
പ്രതിവിധി
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.മുരടിച്ചചെടികള്‍തീര്‍ത്തുംനശിപ്പിക്കുക. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ 1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ളവേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

കടപ്പാട്  - സതി നായർ 

ജൈവപുത , പുതയിടല്‍

നല്ലൊരു ശതമാനം കര്‍ഷകരും അവഗണിക്കുന്ന ഒരു കാര്‍ഷികപ്രക്രിയയാണ് പുതയിടല്‍. മണ്ണിനും സസ്യങ്ങള്‍ക്കും നിശ്ചയമായും ആവശ്യമായ ഒന്നാണ് വളരുന്ന മണ്ണിനുമേലെയുള്ള ജൈവപുത. പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ ഉപയോഗിച്ചുള്ള പുതയിടല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ജൈവവസ്തുക്കൾ കത്തിച്ചുകളയാതെ അവയുപയോഗിച്ചുള്ള പുതയിടലിന്റെ ഗുണഗണങ്ങള്‍ വിവരിക്കാം.

പ്രഗത്ഭരായ ജൈവകര്‍ഷകര്‍ ഒരിക്കലും സൂര്യപ്രകാശത്തെ മണ്ണിലേക്കാനയിക്കില്ല. സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ മണ്ണില്‍നിന്നും ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കുന്നതുമൂലം ജലസേചനത്തിന്റെ അളവും നല്ലൊരുപരിധിവരെ കുറയ്ക്കാനാവും.

പുതയിടുന്ന ജൈവവസ്ത്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം (Organic Carbon Content) ഏറുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുന്ന മണ്ണിന് ജലാഗിരണശേഷിയും ജലനിര്‍ഗ്ഗമനശേഷിയും വായുസഞ്ചാരവും കൂടും. വായുസഞ്ചാരം കൂടുന്നതിനാല്‍ മണ്ണില്‍ വായുവിന്റെ അസാന്നിധ്യത്തില്‍ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ (Anaerobic Micro Organisms ) എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെടും.

ജൈവവസ്ത്തുക്കള്‍ പണവും അധ്വാനവും മുടക്കി കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നതിനുപകരം വിളകള്‍ക്ക് പുതയിട്ടാല്‍ ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരുകയും ചെയ്യും.

മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ വിരാജിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. പോഷകങ്ങള്‍ ആഗിരണം ചെയ്യാനായി സസ്യങ്ങളുടെ വേരുകളും മേല്‍മണ്ണിലേക്ക് കൂടുതലായി വളര്‍ന്നുകയറും

ജൈവസ്തുക്കളിലെ സൂക്ഷ്മമൂലകങ്ങളെ വിഘടിപ്പിച്ചുതരുന്ന മണ്ണിരകളും സൂക്ഷ്മാണുക്കളും മറ്റും ഈ ജൈവപുതയുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമൂലം സസ്യങ്ങള്‍ക്കാവശ്യമായ വിവിധ സൂക്ഷ്മമൂലകങ്ങള്‍ ക്രമമായി സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു

മണ്ണിലെ കാര്‍ബണ്‍ : നൈട്രജന്‍ അനുപാതം (C : N Ratio ) കൃഷിമണ്ണിന് അനുയോജ്യമാംവിധം ക്രമപ്പെടുന്നതുമൂലം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാവുന്ന ലവണരൂപത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.

ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം. എന്നാല്‍ പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളില്‍ നന്നായി മാംസ്യം (Protein) അടങ്ങിയിരിക്കുന്നതിനാല്‍ ഇവയുടെ ഇലകളും തണ്ടുകളും പുതയിടാന്‍ ഉപയോഗിക്കുന്നത് മണ്ണിനെ പോഷിപ്പിക്കും. പുതയിടാനായും മണ്ണില്‍ പച്ചിലവളമായും ഉപയോഗിക്കാനായി ശീമക്കൊന്ന വളര്‍ത്തിയാല്‍ മണ്ണില്‍ വളം ചേര്‍ക്കുന്നത് നല്ലൊരുശതമാനം വരെ കുറയ്ക്കാവുന്നതാണ്.

വരള്‍ച്ചയിലും വാടാതെ നില്‍ക്കുന്ന ചില കളകള്‍ മണ്ണിന്റെ ആഴങ്ങളില്‍നിന്നും ജലവും പോഷകങ്ങളും വലിച്ചെടുക്കുന്നവയാണ്. ഇവയുടെ ഇലകളിലും തണ്ടുകളിലും മണ്ണില്‍ പൊതുവേ ദുര്‍ല്ലഭമായ മൂലകങ്ങളുടെ അനുപാതം കൂടുതലായിരിക്കും. ഇത്തരം സസ്യഭാഗങ്ങള്‍ പ്രത്യേകമായി മുറിച്ചെടുത്ത് പുതയിടുന്ന മണ്ണില്‍ സൂക്ഷ്മമൂലകങ്ങളുടെ അപര്യാപ്തത പ്രകടമാകാറില്ല.

കടപ്പാട് -  സോണി ചെറിയാൻ 
Related Posts Plugin for WordPress, Blogger...

Followers