Friday, 28 June 2024

കമുക് (അടക്കാ) മരത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളും പ്രതിവിധിയും

നാട്ടിൻപുറങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന കമുകും അടയ്ക്കയും അപ്രത്യക്ഷമാകുന്നു. മലയോരത്ത് ധാരാളമായി കാണുന്ന കമുകില്‍ രോഗബാധ ഉണ്ടാകുന്നതാണ് അടയ്ക്കയുടെ ഡിമാൻഡ് കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു.

അടയ്ക്കയുടെ ഉത്പാദനം കുറഞ്ഞതോടെ വിലയും വ‌ർദ്ധിച്ചു. കേരളത്തില്‍ ഇപ്പോള്‍ അടയ്ക്കയുടെ സീസണ്‍ ആണ്. എന്നാല്‍ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചു. വടക്കൻ ജില്ലകളില്‍ നിന്ന് ലോഡ് കണക്കിന് അടയ്ക്കയാണ് ശേഖരിക്കുന്നത്. എന്നാല്‍ രോഗബാധ കാരണം തെക്കൻ ജില്ലകളിലെ പ്രതിസന്ധി നേരിടുകയാണ്.

പ്രധാന രോഗങ്ങള്‍

1. കടചീയല്‍

വേരിലൂടെയോ കടഭാഗത്തുകൂടിയോ ആണ് രോഗാണു ബാധിക്കുന്നത്. നല്ല നീർവാർച്ച സൗകര്യം ഒരുക്കുന്നതും ഒരുശതമാനം ബോർഡോ മിശ്രിതം മണ്ണില്‍ ഒഴിച്ചുകൊടുക്കുന്നതും രോഗത്തെ തടയും.

2. മഹാളി

വൻതോതില്‍ കായ്കള്‍ അഴുകി കൊഴിയുന്ന അവസ്ഥ. അടയ്ക്കയുടെ ഞെടുപ്പ് ഭാഗം നനഞ്ഞ് ജീർണിച്ച അവസ്ഥയും അടയ്ക്കയുടെ ഉള്‍ഭാഗം വിവർണമായും കാണപ്പെടും. രോഗബാധയേറ്റ ഭാഗം നശിപ്പിക്കുക. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കുലകളില്‍ തളിക്കുക.

3. ചുവട് ചീയല്‍

ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുക, ഓലകള്‍ കൊഴിയുക, മരത്തിന്റെ ചുവടുഭാഗത്ത് തവിട്ട് നിറത്തില്‍ പൊട്ടുകള്‍ വീണ് പിന്നീട് അവ കൂടിച്ചേരുകയും കാലക്രമേണ താഴ്ഭാഗത്തിയി കൂണുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. രോഗം വന്ന മരങ്ങളെ വേരോടെ പിഴുത് നശിപ്പിക്കുക.

4. മണ്ട, കൂമ്ബ് ചീയല്‍

നാമ്ബോലകള്‍ മഞ്ഞനിറത്തിലാവുകയും പിന്നീട് വരുന്ന നാമ്ബും അതിന് ചുറ്റുമുള്ള ഭാഗം അഴുകുകയും ചെയ്യുന്നതാണ് കൂമ്ബ് ചീയല്‍. പുറം പാളികള്‍ വാടുകയും പിന്നീട് മഞ്ഞ നിറം വീണ് ഉള്ളിലേക്ക് വ്യാപിക്കുന്നതാണ് മണ്ടചീയല്‍ രോഗം. രോഗബാധിതമായ മരങ്ങളും ഭാഗങ്ങളും തോട്ടത്തില്‍ നിന്ന് മാറ്റി കത്തിച്ചുകളയണം. 10 ശതമാനം വീര്യമുള്ള ബോർഡോകുഴമ്ബ് രോഗം ബാധിച്ച ഭാഗം മുറിച്ച്‌ മാറ്റിയ ശേഷം പുരട്ടുക.

പ്രിയം അയലത്തുകാർക്ക്

നിജാം പാക്കുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനാണ് കേരളത്തില്‍ നിന്ന് അടയ്ക്ക കയറ്റി അയയ്ക്കുന്നത്. പാൻ മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ലൈസൻസികള്‍ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയയ്ക്കും. കേരളത്തിലെയും കർണാടകത്തിലെയും അടയ്ക്കയ്ക്ക് ഗുണമേന്മ കൂടുതലാണ്.

പാക്കിന് വിപണി വില ഒരെണ്ണം: 5രൂപ

ഉൽപാദനം കുറയുമ്പോൾ ഡിമാൻഡ് കൂടുകയല്ലേ ചെയ്യുക.

കടപ്പാട് കേരള കൗമുദി

Related Posts Plugin for WordPress, Blogger...

Followers